Monday, February 2, 2009

ഇരുട്ട്


ഇരുട്ടിന്റെ ഇരുട്ടിലേക്ക് ഞാന്‍ നടന്നു
ഏതോ ലക്ഷ്യത്തിന്റെ അന്ത്യയാമത്തിന് വേണ്ടി
ഇടവഴിയിലെവിടെയോ കണ്ട വെളിച്ചത്തെ
പുല്‍കൊടി പോലെ നുള്ളിയെറിഞ്ഞു.
അന്ധകാരത്തിന്റെ രാജരുമാരന്‍ എനിക്ക്
കറുത്ത പട്ടുകുപ്പായം നല്‍കി
പക്ഷെ... അതിലും വെളിച്ചത്തിന്റെ
നേരിയ ഇഴകളോ?
രക്ഷയുടെ അവസാന പടിയും
വിട്ടകന്നപ്പോള്‍ മരവിപ്പിന്റെ
ലോകം തേടിയെത്തിയപ്പോള്‍
എങ്ങോ മറഞ്ഞ ചക്രവാള പക്ഷികള്‍
ഞെട്ടിയുണര്‍ന്നത് ആരുടെ
നിലവിളിക്ക് വേണ്ടിയായിരുന്നു?

കറുപ്പ്, ഏഴു വര്‍ണ്ണങ്ങളുടെ സംയോഗം
പക്ഷെ എന്താണു ഇരുളിന്റെ
നിശബ്ദതയില്‍ നഷ്ടപ്പെട്ടത്?
ഭൂമിക്ക് വെളിച്ചമേകിയ പ്രോമിത്യൂസിന്റെ
ബലിഷ്ഠ കരങ്ങളോ?

നിമിഷങ്ങള്‍ യാമങ്ങളായപ്പോള്‍
അറിയാത്ത വെളിച്ചത്തിന്റെ
കാവല്‍ക്കാരനായ സന്ധ്യയുടെ
കയ്യില്‍ പോലും ഇരുളായിരുന്നുവോ?
അന്ധകാരത്തിന്റെ തീക്ഷണത കണ്ണിലടിച്ചപ്പോള്‍
ഞാനെന്റെ ആത്മാവിന്റെ അവസാനത്തെ സന്തോഷം കണ്ടു
ഒരിക്കലും തീരാത്ത യാത്രയുടെ ഏതോ
ഇടവഴിയില്‍ കണ്ടുമുട്ടുമെന്നു ആശിച്ചു, ഒരിക്കലെങ്കിലും!
നിന്നെ ഒരു നോക്കു കാണാന്‍..!!
നിന്റെ തിളക്കമുള്ള മിഴിയിലെ ഒരു
തുള്ളി നീര്‍ക്കണം നേടാന്‍..
ചിരിക്കുന്ന പൂവിന്റെ നിഷ്കളങ്കമായ
മുഖം കാണാന്‍
ആഗ്രഹങ്ങളുടെ പട്ടിക തീര്‍ന്നപ്പോള്‍
അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന്
അറിഞ്ഞില്ല..... അവസാന നിമിഷത്തിലും!!!!!!!

Photos from :http://a.abcnews.com


© remya