Saturday, May 1, 2010

അവശേഷിപ്പ്

ഓര്‍മ്മവച്ച കാലം മുതല്‍ ജീവസ്വമായിരുന്ന ഓര്‍മ്മകളിലെവിടെയോ മറഞ്ഞുനിന്നിരുന്ന എന്റെ വായന മുറിയുടെ ഓടാമ്പല്‍ മെല്ലെ നീക്കുമ്പോഴും മനസ്സു എവിടെയോ ആയിരുന്നു. ചിതലരിച്ച പുസ്തകങ്ങള്‍ ചിലന്തിവലയുടെ മറവിലൂടെ ചിരിച്ചപ്പോള്‍ സഹതാപമാണോ, പുച്ഛമാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല പൊടിപിടിച്ച ചെസ്സ് ബോര്‍ഡിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ കുറേയേറെ മുഖങ്ങള്‍ !! തുരുമ്പെടുത്ത ഷെല്‍ഫിലേക്ക് കൈ വച്ചപ്പോള്‍ തന്നെ ഒരു തിരയിളക്കം പോല്‍ ഒരുപാട് ചിത്രങ്ങള്‍ !! ജനലഴിക്ക് പുറത്ത് ചക്കരമാവിന്റെ അവശേഷിപ്പായി ഒരു മരക്കുറ്റി. ഒരിക്കല്‍ രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ പോലും മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ പ്രകാശത്തില്‍ വാശിമൂത്ത് ചെസ്സ് കളിച്ചിരുന്ന ഒരു അച്ഛനും മകളും , ഇടക്കിടെ നനുത്ത സ്പര്‍ശത്തോടെ വീഴുന്ന മാവിലകള്‍ , കണ്ണിമാങ്ങയും ചവച്ച് മഷിത്തണ്ടും സ്ലേറ്റുമായി അണ്ണാരക്കണ്ണനോട് സൊറ പറഞ്ഞ് മനസ്സ് നിറഞ്ഞ് ചിരിച്ച് പള്ളിക്കൂടത്തില്‍ പോയ ഒരു കുട്ടിയുടെ മുഖം മുന്നില്‍ തെളിഞ്ഞു വരുന്നു.

പെട്ടന്ന്കേട്ട ശബ്ദത്തിന്റെ ഞെട്ടലില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പുസ്തകത്താളുകള്‍ക്കിടയില്‍ നിന്നും ചാടിയ ഒരു പല്ലിയാണ്. തന്റെ സാമ്രാജ്യത്തിലെത്തിയ അപരിചത ആരാണെന്നുള്ള ഭാവത്തില്‍ തുറിച്ച് നോക്കി ഇരിക്കുന്നു. മിഴികളില്‍ നിറഞ്ഞ നീര്‍ത്തിളക്കവുമായി പതിയെ പുറത്തിറങ്ങിയപ്പോഴാണ് പഴയൊരു സഹയാത്രികയുടെ ഓര്‍മ്മ മനസ്സിലേക്കിരച്ചു കയറിയത്. പിന്നെയൊരു ഓട്ടമായിരുന്നു. പടവുകളിറങ്ങുമ്പോള്‍ ഓളപ്പരപ്പുകളില്‍ നീന്തിത്തിമിര്‍ക്കുന്ന ആറ്റുവഞ്ചികള്‍ക്കിടയില്‍ ഒളിച്ച് കളിക്കുന്ന പരല്‍ മീനുകളോട് കിന്നാരം പറയുന്ന, പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ‌ മാനത്ത് കണ്ണിയെത്തിരഞ്ഞു നടക്കുന്ന കുറെകുഞ്ഞുമുഖങ്ങളായിരുന്നു.

പക്ഷെ ? ഒരു ഞെട്ടലോടെ എന്റെ കൂട്ടുകാരിയുടെ മരണാസന്നമായ മുഖം കണ്ടപ്പോള്‍ ഇറുക്കെ പൂട്ടിയ കണ്ണുകള്‍ ഒരിക്കലും തുറക്കാനിട വരരുതെ എന്ന് പ്രര്‍ത്ഥിച്ചു.. തിരകെ നടക്കുമ്പോള്‍ മഴ മേഘങ്ങള്‍ക്കിടയിലൂടെ അച്ഛന്റെ ശബ്ദം " കുട്ടാ ഇങ്ങോട്ട് പോരൂ... നമുക്കിവിടെ ചക്കരമാവിന് ചുവട്ടിലിരുന്നു കളിക്കേണ്ടേ?" ചുണ്ടില്‍ വിടര്‍ന്ന പുഞ്ചിരി മായാന്‍ നില്‍ക്കാതെ അച്ഛന്റെ മടിയില്‍ തല ചായ്ക്കുന്ന സുഖമോര്‍ത്ത് ഓടുകയായിരുന്നു...

ഇന്‍ജക്ഷന്റെ നേര്‍ത്ത വേദനക്കിടയില്‍ നഴ്സിന്റെ ശബ്ദം " ഇന്നും സ്വപ്നം കണ്ടുവല്ലേ?".
© remya

No comments:

Post a Comment