Saturday, May 1, 2010

ഭാവം

ചിത്രത്താളുകളില്‍ നിന്നെ കാണുമ്പോള്‍
അപ്പൂപ്പന്‍താടിയുടെ സൗന്ദര്യം ആസ്വദിക്കുന്ന
നിഷ്കളങ്കയായ ഒരു കുട്ടിയുടെ
അവസ്ഥയിലിരുന്ന ഞാന്‍
പിന്നീട് നിയെന്റെ മുന്നില്‍ വന്നപ്പോള്‍
മായലോകത്തെത്തിയ ഒരാത്മാവായി
നിന്റെ പുഞ്ചിരിയില്‍ ഞാന്‍‌ സ്വപ്നലോകത്തേക്ക് ഉയര്‍ന്നു.
നിന്റെയീ നവരസങ്ങളില്‍ ഭീരുവിന്റെ
ആ വൃത്തികെട്ട മുഖം!! അതെനിക്കിഷ്ടമല്ല
അതുകൊണ്ട് ഞാന്‍ തിരിച്ചു നടക്കുന്നു
അതുകൊണ്ട് മാത്രം --!

© remya

യാത്രാമൊഴി

അകലുകയാണ് നാം
വീണ്ടുമൊരിക്കല്‍ കണ്ടുമുട്ടും വരെ
കൂട്ടുകാരി , ഇതാ എന്റെ സ്വനഗ്രാഹിയുടെ
ഹൃദയം മുറിഞ്ഞ് നീറുമീ വേളയില്‍
എന്തു ഞാന്‍ ചൊല്ലണം പറക നീ മടിക്കാതെ...
നീ അറിഞ്ഞുവോ എന്‍ ഗദ്ഗദങ്ങളെ,
എന്റെ സ്വന്തം സ്നേഹസ്വരങ്ങളെ,
കാലമാകും കൊടുങ്കാറ്റ് കവര്‍ന്നതും
ഓര്‍ത്ത് പോകുന്നു ഞാന്‍ എന്റെ സുഹൃത്തേ,
എന്റെ മൗനങ്ങളില്‍ എന്റെ വര്‍ണങ്ങളില്‍ ;
എന്നോടൊപ്പം കരഞ്ഞു ചിരിച്ചതും
വരും കാലമിനിയും തുടരുവാന്‍ വയ്യാതെ -
ഇവിടെയീ ഇടനാഴികളില്‍
സൗഹൃദ നിശ്വാസമൊടുങ്ങുമ്പോള്‍ ,
എങ്ങിനെ ഞാനിനി ചോല്ലാം നിന്നോടീ വൈകിയ വേളയില്‍ എന്റെ യാത്രാ മൊഴി.!!!
© remya

അവശേഷിപ്പ്

ഓര്‍മ്മവച്ച കാലം മുതല്‍ ജീവസ്വമായിരുന്ന ഓര്‍മ്മകളിലെവിടെയോ മറഞ്ഞുനിന്നിരുന്ന എന്റെ വായന മുറിയുടെ ഓടാമ്പല്‍ മെല്ലെ നീക്കുമ്പോഴും മനസ്സു എവിടെയോ ആയിരുന്നു. ചിതലരിച്ച പുസ്തകങ്ങള്‍ ചിലന്തിവലയുടെ മറവിലൂടെ ചിരിച്ചപ്പോള്‍ സഹതാപമാണോ, പുച്ഛമാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല പൊടിപിടിച്ച ചെസ്സ് ബോര്‍ഡിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ കുറേയേറെ മുഖങ്ങള്‍ !! തുരുമ്പെടുത്ത ഷെല്‍ഫിലേക്ക് കൈ വച്ചപ്പോള്‍ തന്നെ ഒരു തിരയിളക്കം പോല്‍ ഒരുപാട് ചിത്രങ്ങള്‍ !! ജനലഴിക്ക് പുറത്ത് ചക്കരമാവിന്റെ അവശേഷിപ്പായി ഒരു മരക്കുറ്റി. ഒരിക്കല്‍ രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ പോലും മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ പ്രകാശത്തില്‍ വാശിമൂത്ത് ചെസ്സ് കളിച്ചിരുന്ന ഒരു അച്ഛനും മകളും , ഇടക്കിടെ നനുത്ത സ്പര്‍ശത്തോടെ വീഴുന്ന മാവിലകള്‍ , കണ്ണിമാങ്ങയും ചവച്ച് മഷിത്തണ്ടും സ്ലേറ്റുമായി അണ്ണാരക്കണ്ണനോട് സൊറ പറഞ്ഞ് മനസ്സ് നിറഞ്ഞ് ചിരിച്ച് പള്ളിക്കൂടത്തില്‍ പോയ ഒരു കുട്ടിയുടെ മുഖം മുന്നില്‍ തെളിഞ്ഞു വരുന്നു.

പെട്ടന്ന്കേട്ട ശബ്ദത്തിന്റെ ഞെട്ടലില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പുസ്തകത്താളുകള്‍ക്കിടയില്‍ നിന്നും ചാടിയ ഒരു പല്ലിയാണ്. തന്റെ സാമ്രാജ്യത്തിലെത്തിയ അപരിചത ആരാണെന്നുള്ള ഭാവത്തില്‍ തുറിച്ച് നോക്കി ഇരിക്കുന്നു. മിഴികളില്‍ നിറഞ്ഞ നീര്‍ത്തിളക്കവുമായി പതിയെ പുറത്തിറങ്ങിയപ്പോഴാണ് പഴയൊരു സഹയാത്രികയുടെ ഓര്‍മ്മ മനസ്സിലേക്കിരച്ചു കയറിയത്. പിന്നെയൊരു ഓട്ടമായിരുന്നു. പടവുകളിറങ്ങുമ്പോള്‍ ഓളപ്പരപ്പുകളില്‍ നീന്തിത്തിമിര്‍ക്കുന്ന ആറ്റുവഞ്ചികള്‍ക്കിടയില്‍ ഒളിച്ച് കളിക്കുന്ന പരല്‍ മീനുകളോട് കിന്നാരം പറയുന്ന, പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ‌ മാനത്ത് കണ്ണിയെത്തിരഞ്ഞു നടക്കുന്ന കുറെകുഞ്ഞുമുഖങ്ങളായിരുന്നു.

പക്ഷെ ? ഒരു ഞെട്ടലോടെ എന്റെ കൂട്ടുകാരിയുടെ മരണാസന്നമായ മുഖം കണ്ടപ്പോള്‍ ഇറുക്കെ പൂട്ടിയ കണ്ണുകള്‍ ഒരിക്കലും തുറക്കാനിട വരരുതെ എന്ന് പ്രര്‍ത്ഥിച്ചു.. തിരകെ നടക്കുമ്പോള്‍ മഴ മേഘങ്ങള്‍ക്കിടയിലൂടെ അച്ഛന്റെ ശബ്ദം " കുട്ടാ ഇങ്ങോട്ട് പോരൂ... നമുക്കിവിടെ ചക്കരമാവിന് ചുവട്ടിലിരുന്നു കളിക്കേണ്ടേ?" ചുണ്ടില്‍ വിടര്‍ന്ന പുഞ്ചിരി മായാന്‍ നില്‍ക്കാതെ അച്ഛന്റെ മടിയില്‍ തല ചായ്ക്കുന്ന സുഖമോര്‍ത്ത് ഓടുകയായിരുന്നു...

ഇന്‍ജക്ഷന്റെ നേര്‍ത്ത വേദനക്കിടയില്‍ നഴ്സിന്റെ ശബ്ദം " ഇന്നും സ്വപ്നം കണ്ടുവല്ലേ?".
© remya

Friday, September 11, 2009

അശ്രു പൂജ

ഒരുപാട് സന്തോഷവും സ്നേഹവും നല്‍കി ഒടുവില്‍ ഒരിക്കലും പ്രതീക്ഷിക്കാതെ ഇനി തിരിച്ചു വരാത്തലോകത്തേക്ക് പോയ പ്രിയപ്പെട്ട അച്ഛനു വേണ്ടി ഞാനിത് സമര്‍പ്പിക്കുന്നു
ഓര്‍മകള്‍ക്കുള്ളിലെ മൗനമായ്
എന്റെ ദുഖങ്ങള്‍ മറഞ്ഞിരിക്കുമ്പോഴും
അഗ്നി കെടാത്തൊരു ചിതയുണ്ട് നെഞ്ചില്‍
എന്റെ തപ്ത ചിന്ത പകരും ജ്വാലയോടെ....
നില തെറ്റിയ മനസിനുള്ളിലെവിടെയോ
മായതെ നില്‍ക്കുന്ന നിമിഷങ്ങളായ്‌
പരിഭ്രാന്തമായ ഒരു കാഴ്ച്ചക്കുമപ്പുറം
ആശുപത്രി കിടക്കയിലെ ഒരത്മാവിന്റെ ജീവന്‍ മരണ പോരാട്ടങ്ങള്‍ക്കുമപ്പുറം
നിസ്സഹായായ ഒരമ്മയുടെ പ്രതീഷകള്‍ക്കുമപ്പുറം
ഒരച്ഛന്റെ നൊമ്പരം അറിയുന്നു ഞാന്‍ ‍......... !!

സ്നേഹമെന്തെന്നെന്നെ പഠിപ്പിച്ച താതനെ,
വാത്സല്യമെന്തെന്നറിയിച്ച പിതാവിനെ
എന്നില്‍ നിന്നടര്‍ത്തി മാറ്റുവാന്‍ ‍
കാലമേ നിനക്കാവില്ലൊരിക്കലും
അച്ഛന്റെ ചോറുരുളകള്‍ വാങ്ങേണ്ട കൈകള്‍
അച്ഛനായ്‌ ബലിചോറുരുട്ടിയപ്പോള്‍‍

ഇന്നു മുള്‍ക്കൊള്ളാത്ത നിത്യ സത്യത്തില്‍
ഉരുകിയൊലിക്കുന്ന മൗന നൊമ്പരമായി ഞാനും ... !!

ദര്‍ഭ നാമ്പിന്റെ മൊരിതകൂട്ടങ്ങളില്‍ ‍,
എള്ളും അരിയും കുഴഞ്ഞ വിരല്‍ തുമ്പുകളില്‍ ‍,
ആത്മ ശാന്തി പരക്കുന്ന മന്ത്രോച്ചാ‌രണങ്ങളില്‍ ‍,
പട്ടു ചുറ്റിയ മണ്‍കുടത്തില്‍ ‍, എവിടെയൊക്കെയോ
ഒരാത്മാവിനെ തൊട്ടറിഞ്ഞു ഞാന്‍ ...
ഒരാത്മ വിലാപം കേട്ടറിഞ്ഞു ഞാന്‍‍ ‍...

രക്തത്തില്‍ ആളുന്ന ചുവപ്പു പോലെ
ഹൃദയത്തില്‍ തുടിക്കുന്ന സ്പന്ദനമായി
ഒര്‍മകള്‍ പിന്നെയും ചിലമ്പുമ്പോള്‍
കണ്ണീരില്‍ നഷ്ടം നനച്ചു തീര്‍ത്തയീ
അക്ഷരക്കൂട്ടമാണിന്നെന്റെ സ്വാന്തനം...

അറിയുന്നു ഞാനും നിന്‍ പദസ്പര്‍ശം
ഒരു നേര്‍ത്ത മഴനൂലിനരികെ,
ഒരിളം കാറ്റിനും ദൂരെ,
എന്റെ മൗന നൊമ്പരങ്ങള്‍ക്ക് മീതെ,
വിട വാങ്ങിയ സ്നേഹത്തിന്റെ നീര്‍ത്തിളക്കമായ് ‌...


© remya

Monday, February 2, 2009

ഇരുട്ട്


ഇരുട്ടിന്റെ ഇരുട്ടിലേക്ക് ഞാന്‍ നടന്നു
ഏതോ ലക്ഷ്യത്തിന്റെ അന്ത്യയാമത്തിന് വേണ്ടി
ഇടവഴിയിലെവിടെയോ കണ്ട വെളിച്ചത്തെ
പുല്‍കൊടി പോലെ നുള്ളിയെറിഞ്ഞു.
അന്ധകാരത്തിന്റെ രാജരുമാരന്‍ എനിക്ക്
കറുത്ത പട്ടുകുപ്പായം നല്‍കി
പക്ഷെ... അതിലും വെളിച്ചത്തിന്റെ
നേരിയ ഇഴകളോ?
രക്ഷയുടെ അവസാന പടിയും
വിട്ടകന്നപ്പോള്‍ മരവിപ്പിന്റെ
ലോകം തേടിയെത്തിയപ്പോള്‍
എങ്ങോ മറഞ്ഞ ചക്രവാള പക്ഷികള്‍
ഞെട്ടിയുണര്‍ന്നത് ആരുടെ
നിലവിളിക്ക് വേണ്ടിയായിരുന്നു?

കറുപ്പ്, ഏഴു വര്‍ണ്ണങ്ങളുടെ സംയോഗം
പക്ഷെ എന്താണു ഇരുളിന്റെ
നിശബ്ദതയില്‍ നഷ്ടപ്പെട്ടത്?
ഭൂമിക്ക് വെളിച്ചമേകിയ പ്രോമിത്യൂസിന്റെ
ബലിഷ്ഠ കരങ്ങളോ?

നിമിഷങ്ങള്‍ യാമങ്ങളായപ്പോള്‍
അറിയാത്ത വെളിച്ചത്തിന്റെ
കാവല്‍ക്കാരനായ സന്ധ്യയുടെ
കയ്യില്‍ പോലും ഇരുളായിരുന്നുവോ?
അന്ധകാരത്തിന്റെ തീക്ഷണത കണ്ണിലടിച്ചപ്പോള്‍
ഞാനെന്റെ ആത്മാവിന്റെ അവസാനത്തെ സന്തോഷം കണ്ടു
ഒരിക്കലും തീരാത്ത യാത്രയുടെ ഏതോ
ഇടവഴിയില്‍ കണ്ടുമുട്ടുമെന്നു ആശിച്ചു, ഒരിക്കലെങ്കിലും!
നിന്നെ ഒരു നോക്കു കാണാന്‍..!!
നിന്റെ തിളക്കമുള്ള മിഴിയിലെ ഒരു
തുള്ളി നീര്‍ക്കണം നേടാന്‍..
ചിരിക്കുന്ന പൂവിന്റെ നിഷ്കളങ്കമായ
മുഖം കാണാന്‍
ആഗ്രഹങ്ങളുടെ പട്ടിക തീര്‍ന്നപ്പോള്‍
അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന്
അറിഞ്ഞില്ല..... അവസാന നിമിഷത്തിലും!!!!!!!

Photos from :http://a.abcnews.com


© remya

Friday, January 23, 2009

മുറിപ്പാട്‌



ഉണങ്ങിപ്പോയ പുല്‍നാമ്പിന്
ഉറവ വറ്റാത്ത ദാഹജലം പോലെ
പകച്ചുപോയ നിമിഷങ്ങള്‍ക്ക്
പകരം വെയ്ക്കാന്‍ ഒന്നുമില്ല...... ഒന്നും!!!


Photos by :-http://i24.piczo.com/


© remya

മൗനം


മൗനം മരണത്തിന്റെ സുഹൃത്താവുന്നു!
മരക്കഷണങ്ങളുടെ പ്രഹരം
മരവിച്ച മനസ്സിനേല്‍ക്കുകയില്ല
നീ നിന്റെ കര്‍മ്മം ജയിച്ചിരിക്കുന്നു
എന്റെ സ്വപ്നങ്ങളെയുപേക്ഷിക്കാന്‍
നീ എന്നെ നിര്‍ബന്ധിതയാക്കി!!
വിറളി പിടിച്ച മനസ്സിന് നേര്‍ക്ക്
വെറുപ്പിന്റെ മുഖങ്ങള്‍ ഞാന്‍ കാണുന്നു
ചിന്തകളെ ഞാന്‍ സ്വതന്ത്രമാക്കുന്നു
ചിരിക്കാത്ത യൗവ്വനത്തിന് വേണ്ടി
അവസാന അപ്പക്കഷണവും നിങ്ങള്‍ക്ക് വിളമ്പിയപ്പോള്‍
അറിയാതെ പോലും മനമിടറിയില്ല
എന്റെ ദിനങ്ങള്‍ അടുത്തിരിക്കുന്നു
എഴുത്ത് പുസ്തകത്തിന്റെ താളുകള്‍ ഇനിയില്ല
നിശാഗന്ധിപ്പൂക്കളുടെ ഗന്ധത്തില്‍
നിലവിളിയില്ലാതെ എന്റെ മൗനം!
മൗനം മരണത്തിന്റെ സുഹൃത്താവുന്നു!
ഒരിക്കലും ഞാനിങ്ങനെയൊന്നുമായിരുന്നില്ല--
സ്വപനത്തെയുപേക്ഷിച്ചവന്‍
അലയുന്ന ആത്മാവിന് സമമാണ്
നാളെകളില്ലാത്ത ഞാന്‍ എങ്ങിനെ
നിലാവിന്റെ വെണ്‍മ സ്വപ്നം കാണും


Photos by :-http://i46.photobucket.com

© remya