ഇടമുറിഞ്ഞ നിന്റെ വാക്കുകളില്‍ എവിടെയോ ഞാന്സ്വാന്ത്വനം കണ്ടെത്തിയിരുന്നു.
നിശബ്ദതയുടെ ഈ മൌനാവരണം
എനിക്കുമുന്നിലണിയാന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.
നിന്നെ ആധുനികതയുടെ മേച്ചില്‍പ്പുറങ്ങളില്‍
തിരഞ്ഞു നടന്നു ഞാന്‍ തളര്‍ന്നുതുടങ്ങിയിരിക്കുന്നു.
കാഴ്ചമങ്ങിയ എന്റെ നരച്ച ചിന്തകള്‍ക്കപ്പുറം
നീ എന്നില്‍ നിന്നകന്നു പോയപ്പോള്‍
നീയെന്റെ ശവമഞ്ചം ഒരുക്കുകയായിരുന്നു.
ചവച്ചു തുപ്പിയ വെറ്റില ചണ്ടിയില്‍ നോക്കി
ഹൃദയ രക്തത്തിന്റെ നിറം കാണിച്ചുതന്ന നിനക്ക്
നിറങ്ങളുടെ അര്‍ത്ഥതലങ്ങളെ കുറിച്ചു
ആരുടെയും വാചാലത ആവശ്യമില്ല.
നിനക്ക് മുന്നില്‍ കൊട്ടിയടക്കപെട്ട വാതിലുകള്‍
എനിക്കു മുന്നില്‍ അടഞ്ഞു കഴിഞ്ഞപ്പോള്‍
അവിഞ്ഞ വായുവിന്റെ ഗന്ധം എനിക്ക്
വിരസമായി തോന്നിയിരുന്നു.
പക്ഷെ...! ഞാനതിനകത്തെ ഒറ്റപ്പെട്ട
തടവുകാരിയാകുമെന്നു പ്രതീക്ഷിച്ചില്ല.
ശുഭാപ്തി വിശ്വാസത്തിന്റെ നേര്‍ത്ത
പ്രതീക്ഷകളെ മുറുകെ പിടിച്ചു ഞാന്‍
നിന്റെ വിസ്മയ നേത്രങ്ങളെ തിരഞ്ഞിരുന്നു.....
ഇവിടെ നിലാവു പരന്നുതുടങ്ങിയിരിക്കുന്നു.
അമ്പലപ്പൂവിന്റെ വിശുദ്ധിയോടെ വിരിഞ്ഞ
പൊന്നാമ്പലിന്റെ നെറുകയില്‍നിന്നു
അരുണിമ മറയാന്‍ തുടങ്ങിയിരിക്കുന്നു.
നിനക്കു മാത്രം പരിചിതമായ,
നിന്റെ മാത്രമെന്നുനീ പറയറുള്ള സ്വപ്നമിന്ന്
മറവിയുടെ ചവറ്റുകുട്ടയിലെറിയാന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.!!!!
Photos by :-http://i24.piczo.com/
© remya



